ഓർമ്മകൾ : അറിവിനുമപ്പുറം - ഭാഗം 1

നാം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ തലച്ചോറിൽ എപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഒരു പുസ്തകത്തിലുള്ളത് പോലെ അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ ൽ ഉള്ളതുപോലെ എന്നൊക്കെയാണ് ആദ്യം വിചാരിച്ചതെങ്കിലും അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് പുതിയ പഠനങ്ങൾ.

എന്തുകൊണ്ട് അങ്ങനെയല്ല ?

1. പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ ഒരിക്കലും നശിക്കുന്നില്ല* . പക്ഷേ നമ്മുടെ ഓർമ്മകൾ നശിക്കാറുണ്ട്.

2. ചെറിയ സൂചനകൾ ലഭിച്ചാൽ തന്നെ, മറന്നുപോയ പല കാര്യങ്ങളും നമുക്ക് ഓർത്തെടുക്കാൻ സാധിക്കുന്നു. കമ്പ്യൂട്ടർ ൽ ഇതൊന്നും സാധ്യമല്ല എന്നതോർക്കണം.

3. നാം ചെയ്ത കാര്യങ്ങൾ മറക്കുന്നത് സ്വഭാവികമാണ്. പക്ഷേ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് തെറ്റിദ്ധരിക്കപ്പെടുന്നതോ ?

4. ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ പുസ്തകം പോലെയാണ് ഓർമ സാധ്യമാകുന്നതെങ്കിൽ എല്ലാവർക്കും ഒരുപോലെ ഓർമിച്ചെടുക്കാൻ സാധിക്കണം. പക്ഷെ യാഥാർഥ്യത്തിൽ അത് സാധ്യമാകുന്നില്ല. ഒരേ അറിവ് പത്ത് പേർക്ക് ഒരുപോലെ പകർന്നു നൽകി നോക്കൂ. പത്ത്‌ പേർക്കും അത് അത്പോലെ ഓർമിച്ചെടുക്കാൻ കഴിഞ്ഞു എന്ന് വരില്ല.

ഇതുപോലെ ഒട്ടനവധി സമസ്യകൾ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും, തത്കാലം ഇത്രയും മാത്രമേ ഓർമ വരുന്നുള്ളൂ. എന്തായാലും, ഇത്തരം ചോദ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് തലച്ചോർ ഒരു ഹാർഡ് ഡിസ്ക് അല്ല എന്നതുതന്നെയാണ്.

പിന്നെ എങ്ങനെയായിരിക്കും ?

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ വളരെയധികം നിഗൂഢതകൾ നിറഞ്ഞതാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തി മുന്നോട്ടുപോകുക എന്നത് പ്രയാസം ആയിരിക്കും. അതുകൊണ്ട് തന്നെ ഒരല്പദൂരം സഞ്ചരിച്ചതിനുശേഷം പിന്നിട്ട വഴികളിലൂടെ കണ്ണോടിക്കാം.

ഒരു ചിത്രം കമ്പ്യൂട്ടർ മെമ്മറിയിലും
നമ്മുടെ തലച്ചോറിലും രേഖപ്പെടുത്തുന്നത് എങ്ങനെയെന്ന് ആദ്യം നോക്കാം. ഒരു ചിത്രത്തിനെ ചെറിയ ചെറിയ ചതുരങ്ങളാക്കി (ഉദാ:1024x1024), ഓരോ ചതുരത്തിലും അവിടെ വരുന്ന നിറം (RGB) രേഖപ്പെടുത്തുകയാണ് കമ്പ്യൂട്ടറിൽ ചെയ്യുന്നത്. അതിനാൽ ആ ചിത്രം വീണ്ടെടുക്കുമ്പോൾ അതിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നില്ല. ചിത്രകാരൻമാർ അവർ കാണുന്ന ചിത്രം തങ്ങളുടെ മനസ്സിൽ പതിപ്പിക്കുകയും അത് പിന്നീട് കാൻവാസിലേക്ക് പകർത്തുകയും ആണ് ചെയ്യുന്നത്. പക്ഷേ പലപ്പോഴും യഥാർത്ഥ ചിത്രവും ചിത്രകാരൻ വരച്ച ചിത്രവും തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ( * ഒരു മോഡലിനെ നോക്കി ചിത്രം വരക്കുന്നതിനെയല്ല മുകളിൽ പ്രതിപാദിച്ചിട്ടുള്ളത്, മറിച്ച് മനസ്സിൽ പതിഞ്ഞ ഒരു കാഴ്ച വീണ്ടെടുക്കുന്നതിനെയാണ്.) 


തുടരും...

Comments

Popular posts from this blog

രാജു നാരായണ സ്വാമി : അറിയപ്പെടേണ്ട വ്യക്തിത്വം

Deep Learning മലയാളത്തിൽ (in Malayalam)