രാജു നാരായണ സ്വാമി : അറിയപ്പെടേണ്ട വ്യക്തിത്വം

Raju Narayana Swami

" ഒന്നാമന് പിറന്നാൾ സമ്മാനം" ഇതായിരുന്നു സ്വാമിക്ക് എസ് എസ്‌ എൽ സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ മാതൃഭൂമിയുടെ പ്രധാന തലവാചകം. പിന്നീട് റാങ്കുകളുടെ ഘോഷയാത്രയായിരുന്നോ അതോ റാങ്കുകൾ സ്വാമിയുടെ വഴിയിൽ പൂമെത്ത വിരിക്കുകയായിരുന്നോ എന്ന് സംശയിക്കാം. ഒടുവിൽ ഐ ഐ ടി യിൽ നിന്നും ഒന്നാം റാങ്കോടെ പുറത്തുവന്ന സ്വാമി നേരെ പോയത് അമേരിക്കയെ സേവിക്കാനായിരുന്നില്ല, സിവിൽ സർവീസിലൂടെ  മാതൃരാജ്യത്തെ സേവിക്കാനായിരുന്നു.  ഒന്നാം റാങ്കോടെ അഡ്മിഷൻ. ഒരു   ഫൈനൽ ഇന്റർവ്യൂ വിലെ നിരവധി ചോദ്യങ്ങൾ, അതിനു നൽകിയ ഉത്തരങ്ങൾ.. ഓരോന്നും ക്രമപ്രകാരം ഓർത്തെടുത്തു  അടുത്ത ലക്കത്തിലെ  കോമ്പറ്റിഷൻ സക്സസ്സ് റിവ്യൂ വിൽ  അദ്ദേഹം പ്രസിദ്ധീകരിച്ചത്   വായിച്ചവർക്കൊക്കെ തോന്നിക്കാണും  - ആൾ ചില്ലറക്കാരനല്ല, വെറും പഠിപ്പിസ്റ്റും  അല്ല. പുലിയാണ്. പുപ്പുലി.

ഈ പുലിയാണ് പിന്നീട് സുരേഷ് കുമാർ
ഐ എ എസ്സിനോടും ഋഷിരാജ് സിങ്ങിനോടും ഒപ്പം  എലിയെ പിടിക്കാനിറങ്ങിയ പൂച്ച. അന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സ്വാമി ഇപ്പോൾ എവിടെ?

കഴിഞ്ഞ വർഷം ദുബായ് അക്കാഡമിക് സിറ്റിയിലുള്ള  BITS -PILANI കോളേജിൽ വിദ്യാർത്ഥികൾക്കുള്ള  ശാസ്ത്ര പ്രതിഭാ പുരസ്‌കാരദാനത്തിനുശേഷം സ്വാമിയെ എയർ പോർട്ടിലേക്കു ഡ്രോപ്പ് ചെയ്യുമ്പോൾ ഉജ്ജ്വലമായ ആ   പ്രസംഗത്തിന്റെ ഊർജ്ജം മനസ്സിൽ തങ്ങിനിന്നു.

പ്രസംഗിക്കാൻ വേദിയിലേക്ക്  അദ്ദേഹം കയറുമ്പോൾ സ്യൂട്ടും കോട്ടുമണിഞ്ഞ മലയാളികളും നോൺ മലയാളികളും  അദ്ദേഹത്തിന്റെ ലളിത വേഷവും ചെരുപ്പുകളും ശ്രദ്ധിച്ചിരുന്നു. യു എ ഇ യിലെ ഏറ്റവും ബ്രില്ലിയൻറ് ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രചോദനവും പ്രത്യാശയും  പകരുന്ന വാഗ്ധോരണിയായിരുന്നു ത്രസിച്ചു നിന്ന സദസ്സിനു അദ്ദേഹം നൽകിയത്. ഹിന്ദിക്കാരും മറ്റുള്ളവരും നമ്മുടെ ഈ കേരള പുലിയെ ആദ്യമായി അന്നറിഞ്ഞു.  കലാമിന്റെ അഗ്നിച്ചിറകുകളെ അനുസ്മരിപ്പിക്കുന്ന വാക്കുകളായിരുന്നു അത്.

യാത്ര ചെയ്യുമ്പോൾ ആകാംക്ഷയോടെ അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി.  ആ സമയം അദ്ദേഹം വളരെ അപ്രധാനമായ ഒരു വകുപ്പിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്നു. ഉമ്മൻ ചാണ്ടിയാണ് അന്നത്തെ മുഖ്യമന്ത്രി. ഈ രീതിയിലാണ് കാര്യങ്ങളെങ്കിൽ റിട്ടയർ ചെയ്യുന്നതിന് മുമ്പ് ഈ മനുഷ്യൻ ചീഫ് സെക്രട്ടറി പോലും ആകാൻ സാധ്യതയില്ല. കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയം അതിനനുവദിക്കില്ല.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വരെ ഒരു
ഐ എ എസ്സുകാരന് ജോലിയിൽ ഉയരാം. നമ്മുടെ  പഴയ കണ്ണൂർ ജില്ലാ കളക്ടർ അമിതാഭ് കാന്തിനെപ്പോലെ നീതി ആയോഗിന്റെ സിഇഒ ഒക്കെ ആകാം. പക്ഷെ റാങ്കുകളുടെ യജമാനന് കേരള കേഡറിൽ  ഐ എ എസ് നഷ്ടക്കച്ചവടമായിരുന്നില്ലേ ?  ഐ എ എസ്സിന് വേണ്ടി മക്കളെ പ്രചോദിപ്പിക്കുന്ന രക്ഷിതാക്കൾക്കും ഗുരുനാഥന്മാർക്കും ഇത് നിരാശ പകരില്ലേ? എത്ര പഠിച്ചാലും, പഠിപ്പില്ലാത്ത എം എം മണിമാരുടെ ആജ്ഞ അനുസരിക്കേണ്ട നിവൃത്തികേടായില്ലേ കേരളത്തിലെ ഐ എ എസ് ? ഇപ്പോളിതാ ഐ എ എസ്സ് പോലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് തുടങ്ങി രാഷ്ട്രീയക്കാരെ കുടിയിരുത്താനും നീക്കം തുടങ്ങിയിട്ടുണ്ട്.

സത്യസന്ധത ജാവ പോലെ ഈസി അല്ല. രാഷ്ട്രീയക്കാരെ  പോലെ പവർഫുള്ളും അല്ല. എല്ലാ അംഗീകാരങ്ങളും നേടാൻ കഴിവുള്ള സ്വാമിക്ക് കേരളം നൽകിയ അംഗീകാരം നായനാരുടെ  ഈ  വാക്കുകളാണ്.

" ഓന് ബുദ്ധി  കൂടിയതിന്റെ പ്രശ്നമാണ്" - നായനാർ.!

നായനാരുടെ കാലം മുതൽ അവഗണിക്കപ്പെടുകയും രാഷ്ട്രീയക്കാരുടെ വൈരനിര്യാതന ബുദ്ധിക്കു ഇരയാവുകയും ചെയ്തു സ്വാമി. സത്യസന്ധത ജീവിതത്തിൽ പകർത്തിയ അദ്ദേഹത്തിന് എതിരെ ഭാര്യാ പിതാവ് തന്നെ തിരിഞ്ഞപ്പോൾ വിവാഹ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നു സ്വാമി.

കമ്പ്യൂട്ടർ സയൻസിൽ ഐ ഐ ടി ഗോൾഡ് മെഡലിസ്റ്റായ സ്വാമി, അപ്രധാനമായ ഒരു ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ സേവനം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കിൽ, സാക്ഷര കേരളം എത്രയോ മുന്നേ ഡിജിറ്റൽ കേരളം ആയി രാജ്യത്തിന് മാതൃക ആയേനെ.

കുളം തോണ്ടിയാൽ ബിരിയാണി പോലുള്ള കോഴിക്കോടൻ കളക്ടർമാരുടെ ചവറു പരിപാടികൾക്കൊന്നും അദ്ദേഹത്തെ കിട്ടില്ല. ഫേസ്ബുക്കിലെ ലൈക്കും ഷെയറും സ്വാമിക്ക് വേണ്ട. പക്ഷെ കലാമിനെപ്പോലെ അവസരം കിട്ടുമ്പോഴൊക്കെ യുവതയെ പ്രചോദിപ്പിക്കാൻ സ്വാമി ഓടിയെത്തുന്നതായറിയാം.

പണത്തിന്റെയും പദവിയുടെയും പിന്നാലെ പോകാതെ എല്ലാ കഴിവുകളും ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെടാൻ തയ്യാറായ ഒരു മനസ്സാണ് സ്വാമി. അർഹിക്കുന്ന പദവികൾ അകന്നു പോകുമ്പോഴും സത്യസന്ധതയെ മുറുകെപ്പിടിക്കുന്ന ഈ മനുഷ്യനെ   വരും  തലമുറ അതിശയത്തോടെ നോക്കിക്കാണും. അതാണ് അദ്ദേഹത്തിന്റെ കാലത്തെ വെല്ലുന്ന  വിജയം. അതാണ് അദ്ദേഹത്തിൽ നിന്നും പഠിക്കാനുള്ളത്. എന്ത് നഷ്ടപ്പെട്ടാലും സത്യസന്ധത നഷ്ടപ്പെടുത്തരുത്.

സ്വാമിക്ക് അഭിവാദ്യങ്ങൾ.
നിങ്ങളുടെ പരമ്പര ഭാരതത്തെ ധന്യമാക്കട്ടെ...

പബ്ലിക് ഡൊമൈനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായ ഉറവിടത്തിനെപ്പറ്റിയുള്ള വ്യക്തതക്കുറവ് മൂലം ചിലയിടങ്ങളിൽ കടപ്പാട് വ്യക്തമാക്കിയിട്ടില്ല. പകർപ്പവകാശ സംബന്ധിതമായ പരാതികൾ അറിയിക്കാൻ ബന്ധപ്പെടുക.

Comments

Popular posts from this blog

Deep Learning മലയാളത്തിൽ (in Malayalam)

ഓർമ്മകൾ : അറിവിനുമപ്പുറം - ഭാഗം 1